Monday, 12 March 2012

ജനവരി വാഹനാപകടങ്ങളുടെ മാസം





തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങളേറെയും സംഭവിക്കുന്നത് ജനവരിയില്‍. കൂടുതല്‍ ജീവനുകള്‍ നഷ്ടമായത് മെയ് മാസങ്ങളിലും. 2006 മുതലുള്ള സംസ്ഥാനത്തെ വാഹനാപകടങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് ജനവരിയുംമെയും വില്ലന്‍വേഷമണിയുന്നത്. മണ്‍സൂണിന്റെ അകമ്പടിയുണ്ടെങ്കിലും ജൂലായില്‍ അപകടങ്ങള്‍ കുറവാണ്. ഗതാഗതവകുപ്പ് നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം കണ്ടെത്തിയത്. ജനവരിയില്‍ പുതിയ വാഹനങ്ങള്‍ കൂടുതലായി നിരത്തിലെത്തുന്നതും അപകടഗ്രാഫ് ഉയരാന്‍ ഇടയാക്കുന്നുണ്ട്.

വാഹനാപകടങ്ങളിലെ സ്ഥിരം വില്ലന്മാരിലും മാറ്റമുണ്ടായിട്ടുണ്ട്. സ്വകാര്യബസുകളും ടിപ്പര്‍ലോറികളും കാരണക്കാരായ അപകടങ്ങള്‍ ഗണ്യമായി കുറഞ്ഞു. 2000-ല്‍ 9,568 അപകടങ്ങളാണ് സ്വകാര്യബസുകളുണ്ടാക്കിയത്. 2010-ല്‍ അത് 3,885 ആയി കുറഞ്ഞിട്ടുണ്ട്. ലോറികളുണ്ടാക്കുന്ന അപകടങ്ങളും കുറഞ്ഞു. 2000-ല്‍ 5138 അപകടങ്ങള്‍ക്ക് പിന്നില്‍ ലോറികളുണ്ടായിരുന്നു. ഇന്നത് 3325 ആയി മാറിയിട്ടുണ്ട്.

സ്വകാര്യബസുകള്‍ അപകടപാതയില്‍ നിന്നും മെല്ലെ പിന്‍മാറിയെങ്കിലും കെ.എസ്.ആര്‍.ടി.സിയുടെ അപകടഗ്രാഫ് താഴ്ന്നിട്ടില്ല. കോര്‍പ്പറേഷന്‍ ബസുകളുടെ അപകടനിരക്ക് പ്രതിവര്‍ഷം 1500നും-1700നും ഇടയ്ക്ക് കാര്യമായ ഏറ്റക്കുറച്ചിലുകളില്ലാതെ തുടരുകയാണ്. അപകടഗ്രാഫിലെ യഥാര്‍ഥ വില്ലന്മാര്‍ ഇരുചക്രവാഹനങ്ങളും കാറുകളുമാണ്. 15,870 ഇരുചക്രവാഹനങ്ങളും 8,471 കാറുകളും 2010-ല്‍ അപകടത്തില്‍പ്പെട്ടു. 2000-ല്‍ 5,984 മാത്രമായിരുന്നു കാറുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍.അപകടങ്ങള്‍ക്ക് വഴിമരുന്നിടുന്നവരെന്ന് പഴികേട്ടിരുന്ന ഓട്ടോറിക്ഷകളും സുരക്ഷിതപാതയിലേക്കാണ് നീങ്ങുന്നത്. ഓട്ടോറിക്ഷകളുണ്ടാക്കുന്ന അപകടങ്ങള്‍ 8,020 ല്‍ നിന്നും 5,662 ആയി കുറഞ്ഞിട്ടുണ്ട്.

No comments:

Post a Comment