Monday 12 March 2012

ആര്‍.ടി. ഓഫീസുകള്‍ ഓണ്‍ലൈനില്‍


ഓട്ടോറിക്ഷയുടെ പെര്‍മിറ്റ് പുതുക്കാന്‍ 1300 രൂപ. ഗതാഗതവകുപ്പിന്റെ ഫീസ് ഘടനയിലില്ലാത്ത ഈ തുക ആവശ്യപ്പെടുന്നത് തലസ്ഥാനത്തെ ഒരു ഇടനിലക്കാരനാണ്. ഓഫീസിനുള്ളിലെ ഓരോ മേശകളില്‍ നിന്നും ഫയല്‍ നീങ്ങണമെങ്കില്‍ 'നിശ്ചിത പടി' നല്‍കണമെന്നാണ് ഇയാളുടെ നിലപാട്. ഇനി യഥാര്‍ഥ ഫീസ് എത്രയെന്ന് നോക്കാം- വെറും 350 രൂപ. മൂന്നിരട്ടിയിലധികം വാങ്ങുന്നത് ഏജന്റിന് മാത്രമല്ലെന്ന് സാരം. കാര്യമായ വിഹിതം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയാണ് ജീവിക്കുന്നതെന്ന് ഇടനിലക്കാരും പറയുന്നു. ഇനി നേരിട്ടൊരാള്‍ അപേക്ഷയുമായി എത്തിയാല്‍ പത്തുതവണ ഓഫീസില്‍ കയറിയിറങ്ങാനുള്ള ക്രമക്കേട് ഫയലിന്റെ ആദ്യ പരിശോധനയില്‍ തന്നെ ചില ഉദ്യോഗസ്ഥര്‍ തിരുകിക്കയറ്റുകയും ചെയ്യും.

ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഒട്ടും ദഹിക്കാത്ത കാര്യമാണ് ഓണ്‍ലൈന്‍ സംവിധാനം. അപേക്ഷയും ഫീസും ഓണ്‍ലൈനായി ലഭിക്കുമ്പോള്‍ നഷ്ടമാകുന്നത് ഉദ്യോഗസ്ഥ - ഇടനില ലോബി വര്‍ഷങ്ങളായി കുത്തകയാക്കിയ കൂട്ടുകച്ചവടമാണ്. തിരുവനന്തപുരം, കഴക്കൂട്ടം ആര്‍.ടി.ഓഫീസുകളില്‍ ആരംഭിച്ച ഓണ്‍ലൈന്‍ സംവിധാനം തുടക്കത്തിലേ പൊളിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ തകൃതിയാണ്. സ്വകാര്യവാഹനങ്ങളുടെ ടാക്‌സ് ഓണ്‍ലൈനിലൂടെ അടച്ച ചില വാഹന ഡീലര്‍മാര്‍ ക്കാണ് ആദ്യം ഭീഷണിയുണ്ടായത്. ഇവരുടെ പിന്‍മാറ്റം അന്വേഷിച്ചെത്തിയ ഉദ്യോഗസ്ഥര്‍ക്ക് പെട്ടെന്ന് കാരണവും പിടികിട്ടി. പാര വന്നത് ആര്‍.ടി.ഓഫീസില്‍ നിന്നു തന്നെ.

ഇടനിലക്കാരെ ഒഴിവാക്കിയുള്ള ഏര്‍പ്പാട് ചില ഉദ്യോഗസ്ഥര്‍ക്കും ഇഷ്ടമായിട്ടില്ല. ഇടനിലക്കാരില്‍ നിന്നൊരു വിഹിതം കൈപ്പറ്റിയിരുന്ന ഉദ്യോഗസ്ഥരാണ് ഓണ്‍ലൈന്‍ രീതിയോട് എതിര്‍പ്പുമായി രംഗത്തുള്ളതെന്ന് പറയപ്പെടുന്നു. വെബ്‌സൈറ്റില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടും പദ്ധതി നടപ്പാക്കാന്‍ രണ്ടുവര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. അത്രയ്ക്ക് ശക്തമായ എതിര്‍പ്പുകളാണ് ഗതാഗതവകുപ്പിനുള്ളില്‍ നിന്നുതന്നെ ഉയര്‍ന്നത്. ഓരോ കാരണങ്ങള്‍ പറഞ്ഞ് കുരുങ്ങിയ ഫയല്‍ തിരികെയെത്തിക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നതായി പദ്ധതിക്ക് പിന്നിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.

ആര്‍.ടി.ഓഫീസുകളുടെ പ്രവര്‍ത്തന ശൈലിയും, മോശം പ്രതിച്ഛായയും മാറ്റിയെടുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തിനു കഴിമെന്ന പ്രതീക്ഷയിലാണിവര്‍. ഫീസടയ്ക്കാനുള്ള നീണ്ട ക്യൂ മിക്ക ഓഫീസുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ക്ലാര്‍ക്കുമാരുടെ ജോലി ഭാരം കുറയ്ക്കാനും ഒരു പരിധിവരെ ഓണ്‍ ലൈന്‍ രീതിക്ക് കഴിയും. വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് അപേക്ഷകര്‍ നേരിട്ടായതിനാല്‍ അസല്‍രേഖകളുമായി ഒത്തുനോക്കേണ്ട ചുമതല മാത്രമേ ഉദ്യോഗസ്ഥര്‍ക്കുള്ളൂ.

അറിയേണ്ടവ


വെബ്‌സൈറ്റ്: http://keralamvd.gov.in/
എസ്.ബി.ടി- എസ്.ബി.ടി അക്കൗണ്ടും
നെറ്റ് ബാങ്കിങ്ങും വേണം

സേവനങ്ങള്‍


ലേണേഴ്‌സ് ലൈസന്‍സ്, ലൈസന്‍സ് വിശദാംശങ്ങള്‍, ലൈസന്‍സിലെ അഡ്രസ് മാറ്റം, ബാഡ്ജ്, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ലൈസന്‍സ് പുതുക്കല്‍, ആര്‍.സി പര്‍ട്ടിക്കുലേഴ്‌സ്, ഡ്യൂപ്ലിക്കേറ്റ് ആര്‍.സി, വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റം, റജിസ്‌ട്രേഷന്‍ പുതുക്കല്‍, ഫൈനാന്‍സ് വിവരങ്ങള്‍ ആര്‍.സിയില്‍ ഉള്‍ക്കൊള്ളിക്കല്‍ - റദ്ദാക്കല്‍, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് .

ഫോമുകള്‍


ആര്‍.ടി. ഓഫീസിലേക്കുള്ള ഫോമുകളെല്ലാം വെബ്‌സൈറ്റില്‍ ലഭ്യമാണ്. മലയാളത്തിലുള്ള ഫോമുകളും ലഭിക്കും. ഓരോ സേവനങ്ങള്‍ക്കും ആവശ്യമായ ഫോമുകളുടെ വിശദാംശങ്ങളും ഇതില്‍ അറിയാം. സമര്‍പ്പിക്കേണ്ട അസല്‍രേഖകളുടെ വിവരങ്ങളും വെബ്‌സൈറ്റില്‍ അറിയാം. 

No comments:

Post a Comment