Monday 12 March 2012

ന്മകളുടെ വഴിയേ കൃഷ്ണദാസിന്റെ ഓട്ടോ...



നന്മകളുടെ വഴികളിലൂടെയാണ് ഈ ഓട്ടോയുടെ സഞ്ചാരം. മട്ടാഞ്ചേരി ടി.ഡി. ഹൈസ്‌കൂളിനുസമീപം വാടകവീട്ടില്‍ താമസിക്കുന്ന കൃഷ്ണദാസിന്റെ ഓട്ടോയാണത്. പേര് 'സത്യമേവ ജയതേ'.

ഒരിക്കല്‍ ഒരു യാത്രക്കാരന്‍ കൃഷ്ണദാസിന്റെ ഓട്ടോയില്‍ മറന്നുവച്ചത് 17,500 രൂപയും രേഖകളുമടങ്ങിയ ബാഗ്. ഭക്ഷണം കഴിക്കുവാന്‍ ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് കൃഷ്ണദാസ് ഓട്ടോയില്‍ ബാഗ് കണ്ടത്. ഉടനെ ബാഗ് മട്ടാഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പോലീസ് അത് ഉടമസ്ഥര്‍ക്ക് തിരിച്ചു നല്‍കി. അതൊരു തുടക്കമായിരുന്നു. മറ്റൊരു ദിവസം മൂന്നുപവന്റെ സ്വര്‍ണ്ണാഭരണവും, പണവുമടങ്ങിയ ഒരു ബാഗാണ് ഓട്ടോയില്‍ നിന്നും കിട്ടിയത്. പോലീസ് വഴി അതും ഉടമസ്ഥന് തിരിച്ചുനല്‍കി.


14 തവണ ഇങ്ങനെ ഓട്ടോയില്‍ മറന്നുവച്ച വിലപിടിപ്പുള്ള വസ്തുക്കള്‍ പോലീസ് മുഖാന്തിരവും നേരിട്ടും തിരിച്ചു നല്‍കിയ കൃഷ്ണദാസിനെ ഒടുവില്‍ പോലീസ് തന്നെ ആദരിച്ചു.ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നവംബറില്‍ ഫോര്‍ട്ടുകൊച്ചി പോലീസാണ് കൃഷ്ണദാസിനെ ആദരിച്ചത്.


കഴിഞ്ഞ ദിവസം ഒരു യാത്രക്കാരന്റെ വില പിടിപ്പുള്ള മൊബൈല്‍ ഫോണ്‍ ഓട്ടോയാത്രയ്ക്കിടെ നഷ്ടപ്പെട്ടു. ഓട്ടോ ഏതെന്ന് യാത്രക്കാരനും നിശ്ചയമില്ല. വിവരം കൃഷ്ണദാസ് അറിഞ്ഞു. യാത്രക്കാരനെ വണ്ടിയില്‍ കയറ്റി കൃഷ്ണദാസ് മട്ടാഞ്ചേരിയും ഫോര്‍ട്ടുകൊച്ചിയും ചുറ്റി. യാത്രക്കാരന്‍ പറഞ്ഞുകൊടുത്ത അടയാളങ്ങള്‍ പ്രകാരം ഒടുവില്‍ കൃഷ്ണദാസ് ആ ഓട്ടോറിക്ഷ കണ്ടെത്തി. നഷ്ടപ്പെട്ട ഫോണ്‍ തിരികെ കിട്ടി. ഇങ്ങനെ യാത്രക്കാരന്റെ സഹായിയും സുഹൃത്തുമായി മാറുകയാണ് കൃഷ്ണദാസ്. അപകടസ്ഥലത്ത് പരിക്കേറ്റ് കിടക്കുന്നവരെ ആസ്പത്രിയില്‍ എത്തിക്കുന്നതിനും അദ്ദേഹം മുന്നിലുണ്ടാകും.


ഏതെങ്കിലും സ്റ്റാന്‍ഡില്‍ ഓട്ടത്തിനായി കാത്തുകിടക്കുന്ന ശീലം കൃഷ്ണദാസിനില്ല. സ്ഥിരം യാത്രക്കാര്‍ ഫോണില്‍ വിളിക്കുകയാണ് ചെയ്യുക. ഏതു പാതിരാത്രിയും കൃഷ്ണദാസ് എത്തും. യാത്രക്കാര്‍ പ്രായമായവരാണെങ്കില്‍ അവരെ സഹായിക്കാനും കൃഷ്ണദാസുണ്ടാകും.


കൊച്ചിയില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് കൃഷ്ണദാസിനെ പതിവായി വിളിക്കുന്നവരുണ്ട്. വീട്ടില്‍ കാറുണ്ടായിട്ടും അതുപേക്ഷിച്ച് യാത്രയ്ക്ക് കൃഷ്ണദാസിന്റെ ഓട്ടോ തെരഞ്ഞെടുക്കുന്നവരുമുണ്ട്.


സേവന സന്നദ്ധതയും സത്യസന്ധതയുമാണ് കൃഷ്ണദാസിന്റെ കൈമുതല്‍. രാത്രി റെയില്‍വേ സ്റ്റേഷനില്‍ വണ്ടി ഇറങ്ങുന്ന കസ്റ്റമര്‍ക്ക് വിഷമിക്കേണ്ട കാര്യമില്ല. വിളിപ്പുറത്ത് കൃഷ്ണദാസ് ഉണ്ടെന്ന ധൈര്യമാണവര്‍ക്ക്. 60 ഓളം സ്ഥിരം കസ്റ്റമേഴ്‌സ് തനിക്കുണ്ടെന്ന് കൃഷ്ണദാസ് പറയുന്നു.12 വര്‍ഷമായി ഇദ്ദേഹം ഓട്ടോ ഓടിക്കുന്നു. അതും ഒരേ വണ്ടിയില്‍. വാടകവീട്ടില്‍ താമസിക്കുന്ന കൃഷ്ണദാസിന് മൂന്ന് മക്കളുണ്ട്. നല്ല പ്രവൃത്തി ചെയ്യുന്നതിനാല്‍ ബുദ്ധിമുട്ട് വരുമ്പോള്‍ തന്നെ എല്ലാവരും സഹായിക്കുന്നതായും കൃഷ്ണദാസ് പറയുന്നു.

No comments:

Post a Comment