Monday, 12 March 2012

കല്യാണപ്പെണ്ണിന്റെ സ്വര്‍ണം തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി


കൊല്ലം:കല്യാണത്തിന് മണിക്കൂറുകള്‍ അവശേഷിക്കേ കല്യാണപ്പെണ്ണിന്റെ സ്വര്‍ണം ഓട്ടോയില്‍ മറന്നു. ഓട്ടോയില്‍ മറന്ന 20 പവന്‍ സ്വര്‍ണം തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. അഞ്ചുകല്ലുംമൂട് സ്റ്റാന്‍ഡിലെ 'ശിവശക്തി' ഓട്ടോയുടെ ഡ്രൈവര്‍ സുരേഷ്‌കുമാറാണ് കല്യാണ ഓട്ടം പോയത്. പുള്ളിക്കടയില്‍ നിന്ന് നവവധു റെസീനയെയും ഉമ്മ നെസീമയെയും ബന്ധുവിനെയും കയറ്റി എ.വൈ.കെ. ഓഡിറ്റോറിയത്തിലേക്ക് പോയി. ഓഡിറ്റോറിയത്തില്‍ ഇറങ്ങിയ വിവാഹസംഘം സാധനങ്ങള്‍ പലതും എടുത്തെങ്കിലും കല്യാണപ്പെണ്ണിന്റെ സ്വര്‍ണം മാത്രം മറന്നു.

ഓഡിറ്റോറിയത്തില്‍ എത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതറിഞ്ഞത്. ഉടന്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസുകാര്‍ സ്വര്‍ണം വച്ചുമറന്ന ഓട്ടോ തിരക്കിയിറങ്ങി. ഇതിനിടെ ഓട്ടോയില്‍ സ്വര്‍ണം അടങ്ങിയ പൊതി ഇരിക്കുന്നത് ഡ്രൈവര്‍ സുരേഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒട്ടും താമസിയാതെ ഓഡിറ്റോറിയത്തിലേക്ക് കുതിച്ചു.


സ്വര്‍ണത്തിന്റെ പൊതി കൈമാറുമ്പോള്‍ ഉത്കണ്ഠയുടെ നിമിഷങ്ങളെണ്ണിനിന്ന കല്യാണപ്പെണ്ണിന്റെയും കുടുംബത്തിന്റെയും കണ്ണു നിറഞ്ഞു. ആഭരണങ്ങളിഞ്ഞ പെണ്‍കുട്ടി വിവാഹപ്പന്തലിലേക്കു പോകുമ്പോള്‍ സുരേഷ് ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് പോയി. സ്റ്റേഷനിലെത്തി സുരേഷ് സംഭവങ്ങള്‍ വിവരിച്ചു. സുരേഷിനെ പോലീസുകാര്‍ അഭിനന്ദിച്ചു.

No comments:

Post a Comment