Monday, 12 March 2012

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ മിണ്ടിയാല്‍ കുടുങ്ങും

തൃക്കാക്കര: മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ അവരുടെ സംസാരത്തില്‍ നിന്നുതന്നെ കൈയോടെ പിടിക്കാന്‍ കഴിയുന്ന പുത്തന്‍ ഉപകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. ഒരു ലക്ഷത്തോളം രൂപ വില വരുന്ന ജര്‍മനിയില്‍ നിന്ന് കൊണ്ടുവന്നിട്ടുള്ള ബ്രത് അനലൈസര്‍ എന്ന ഉപകരണവുമായാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. മദ്യപിച്ച് വണ്ടിയോടിക്കുന്ന ഡ്രൈവറുടെ അടുത്തെത്തി പരിശോധിക്കേണ്ടതില്ലെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഡ്രൈവര്‍ സംസാരിക്കുമ്പോള്‍ തന്നെ ആല്‍ക്കഹോളിന്റെ അളവ് മെഷീനിന്റെ സ്‌ക്രീനില്‍ തെളിഞ്ഞ് കാണും. 30 മില്ലി ഗ്രാമിന് മുകളില്‍ ആല്‍ക്കഹോള്‍ രക്തത്തിലുണ്ടെങ്കില്‍ മാത്രമേ കേസ് ചാര്‍ജ് ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന് ആര്‍ടിഒ അധികൃതര്‍ പറഞ്ഞു.



മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അടുത്ത ഘട്ടത്തില്‍ അനലൈസര്‍ മെഷീനില്‍ കുഴല്‍ ഘടിപ്പിച്ച് ഊതിപ്പിക്കും. അളവില്‍ കൂടുതല്‍ മദ്യം കഴിച്ചിട്ടുണ്ടെങ്കില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് ഉടനടി തന്നെ മെഷീന്‍സ്‌ക്രീനില്‍ തെളിഞ്ഞുകാണും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ നിലവില്‍ മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവറുടെ വായ തുറന്ന് ഊതിക്കുകയാണ് ചെയ്യുന്നത്. ഇത് വണ്ടിയോടിക്കുന്ന മദ്യപിക്കാത്ത പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. എന്നാല്‍ ആധുനിക ഉപകരണം ഉപയോഗിച്ച് വണ്ടിയോടിക്കുന്ന ആളുടെ അടുത്തെത്തി സംസാരിക്കുമ്പോള്‍ മദ്യപിച്ചിട്ടില്ലെങ്കില്‍ മെഷീനില്‍ തെളിഞ്ഞുകാണും. ഇതിലൂടെ മദ്യപിക്കാത്തവരെ പരിശോധിച്ച് ബുദ്ധിമുട്ടിക്കാതെ പറഞ്ഞുവിടാന്‍ കഴിയുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍.

30 മില്ലി ഗ്രാമിന് മുകളില്‍ ആല്‍ക്കഹോള്‍ രക്തത്തിലുണ്ടെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പറഞ്ഞു. ഇയാളെ വീണ്ടും പിടികൂടിയാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. മദ്യപിച്ച് വാഹനം ഓടിച്ചുള്ള അപകടം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആധുനിക മെഷീനുപയോഗിച്ച് പരിശോധന കര്‍ശനമാക്കുന്നതെന്ന് ആര്‍ടിഒ അധികൃതര്‍ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ എറണാകുളം ആര്‍ടി ഓഫീസിലാണ് ഈ ഉപകരണം നല്‍കിയിരിക്കുന്നത്. ഇതു വിജയം കണ്ടാല്‍ ജില്ലയിലെ മറ്റ് സബ് ആര്‍ടി ഓഫീസുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.

No comments:

Post a Comment