Monday 4 June 2012

രക്തദാനം ജീവിതവ്രതമാക്കി ഷാജി


മാനന്തവാടി: രക്തംതേടി രക്തബാങ്കിനു മുന്നില്‍ വേവലാതിപ്പെടുന്നവര്‍ക്ക് ആരെങ്കിലും കുറിച്ചുകൊടുക്കുന്ന ഒരു മൊബൈല്‍ നമ്പറുണ്ട്. മാനന്തവാടിയിലെ ഓട്ടോ ഡ്രൈവറായ ഷാജി കമാലിയയുടെ 9847287188 എന്ന നമ്പര്‍.

''എട്ട് മണിക്ക്, രാവിലെ ആറുമണിക്ക് ബി നെഗറ്റീവ് മൂന്നു കുപ്പി, പതിന്നാലിന് ഉച്ചയ്ക്ക് ഒ പോസിറ്റീവ് നാലു കുപ്പി, അഞ്ച് മിനിറ്റുകൊണ്ട് എ നെഗറ്റീവ് മൂന്നു കുപ്പി-ഈ മൊബൈലിലേക്ക് വന്നുകൊണ്ടിരിക്കുന്ന വിളികള്‍ ഇങ്ങനെയാണ്. ഓരോ വിളി വരുമ്പോഴും ഷാജി പരതുന്നത് തന്റെ മനസ്സില്‍ ഫീഡ്‌ചെയ്തുവെച്ച ബ്ലഡ് ഡയരക്ടറിയിലാണ്. അതില്‍നിന്നു തെളിയുന്ന മുഖങ്ങള്‍ നിര്‍ദേശിക്കും. അല്ലെങ്കില്‍ വിളിച്ചുകൊടുക്കും. ചിലപ്പോള്‍ നേരിട്ടുതന്നെ രക്തബാങ്കില്‍ ഹാജരാക്കും. ഓട്ടോ ഡ്രൈവിങ് മാത്രം ജീവിതവരുമാന മാര്‍ഗമായിട്ടുള്ള ഷാജിയുടെ ദിവസങ്ങള്‍ പലപ്പോഴും രക്തത്തിന് ഓടിത്തീരുന്നതും സാധാരണം.


പത്തു വര്‍ഷത്തിലധികമായി രക്തദാനം ജീവിതവ്രതമാണ് ഷാജി കമാലിയയ്ക്ക്. പതിനായിരത്തിലധികം പേര്‍ക്കെങ്കിലും രക്തം എത്തിച്ചുകൊടുത്തിട്ടുള്ള ഷാജി കണക്കുകളൊന്നും സൂക്ഷിച്ചിട്ടില്ല. സൂക്ഷിക്കാന്‍ ഷാജിക്കു സമയവുമില്ല. 44 തവണ ഇതിനകം ഷാജി രക്തം ദാനംചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം ആയിരത്തില്‍ അധികം പേര്‍ക്ക് രക്തം എത്തിച്ചുകൊടുത്തു. ഓരോ മൂന്നുമാസം കൂടുമ്പോഴും സ്വന്തം രക്തം ദാനംചെയ്ത് മറ്റുള്ളവര്‍ക്ക് മാതൃകകൂടിയാകുന്നുണ്ട് ഷാജി.


രക്തം എത്തിച്ചുകൊടുക്കുന്നത് ചിലപ്പോള്‍ ഒരു ഫോണ്‍വിളികൊണ്ടുതന്നെ കഴിയും. കുന്നും മലയും കയറി ഇറങ്ങി പോകേണ്ട സ്ഥിതിയും വന്നുചേരാറുണ്ട്. ഒരുവിധം ആളെയും സംഘടിപ്പിച്ച് ആസ്​പത്രിയില്‍ എത്തിച്ചാല്‍ ചിലപ്പോള്‍ വെറും വാക്കില്‍ ഒരു 'താങ്ക്‌സ്' കിട്ടും. മറ്റുചിലപ്പോള്‍ വൈകിപ്പോയതിലെ പരിഭവങ്ങള്‍. ഓട്ടോ കാശ് എത്രയെന്നു പോലും അന്വേഷിക്കാതെ 'ഐ.സി.യു.' വാര്‍ഡിലേക്ക് ഓടിക്കയറുമ്പോള്‍ സ്നേഹപ്രകടനത്തിനായി രക്തത്തിനു വിലപറയുന്നവര്‍... രക്തബാങ്കിനു മുമ്പില്‍ നാനാവിധത്തിലുള്ള പെരുമാറ്റങ്ങള്‍ കാണുന്ന ഷാജിയെ ഇതൊന്നും തളര്‍ത്താറില്ല.


ഓട്ടോക്കൂലി മാത്രം ചോദിച്ചുവാങ്ങുന്ന ഷാജി നിര്‍ധന രോഗികള്‍ക്ക് ചിലപ്പോള്‍ സൗജന്യമായി മരുന്നുവാങ്ങി നല്‍കുകയും ചെയ്യും. മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിന്റെ സജീവ പ്രവര്‍ത്തകനായ ഷാജി ബ്ലഡ് ഡൊണേഷന്‍ ഫോറത്തിന്റെ കണ്‍വീനറുമായിരുന്നു. ബ്ലഡ് ഡൊണേഷന്‍ ഫോറത്തിന്റെ ജോ. കണ്‍വീനറായിരുന്ന ഒ പോസിറ്റീവുകാരി മുംതാംസിനെയാണ് ഷാജി ജീവിതസഖിയാക്കിയത്. ഡി.എം.ഒ. ഡോ. നീതാ സുകുമാരന്റെ പ്രോത്സാഹനവും സുഹൃത്തുക്കളുടെ സഹായസഹകരണവുമാണ് ഷാജിയെ രക്തദാനരംഗത്ത് സജീവമാക്കിയത്.

No comments:

Post a Comment