Monday 12 March 2012

ഹൃദയതാളം സംരക്ഷിക്കാന്‍ ഓട്ടോ ഡ്രൈവര്‍മാരും

ആലപ്പുഴ: ജീവന്‍ രക്ഷിക്കാന്‍ രോഗിയെ ആസ്​പത്രിയില്‍ എത്തിക്കുക മാത്രമല്ല രക്തം ദാനം ചെയ്യാനും ആലപ്പുഴയിലെ ഓട്ടോ റിക്ഷാക്കാര്‍ റെഡി. ഇക്കാര്യം അവര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ അറിയിച്ചുകഴിഞ്ഞു. ഓട്ടോ ഡ്രൈവര്‍മാരുടെ രക്തഗ്രൂപ്പ് സംബന്ധിച്ച പട്ടിക തയ്യാറാക്കി ഉടന്‍ ആസ്​പത്രി അധികൃതര്‍ക്ക് നല്‍കും. നഗരത്തിലെ ഒരുപറ്റം ഓട്ടോ ഡ്രൈവര്‍മാരുടെ സേവന സന്നദ്ധത മാതൃകയാകുന്നു.


ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ ഹെല്‍ത്ത് ഫോര്‍ ഓള്‍ ഫൗണ്ടേഷന്‍ എന്ന സംഘടന ' വീണ്ടും ഉണര്‍ത്താം ഹൃദയതാളം' എന്ന പദ്ധതിയുടെ ഭാഗമായി ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ജില്ലാ ഓട്ടോ തൊഴിലാളി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 50 ഓട്ടോ റിക്ഷാക്കാരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. പരിശീലനം കഴിഞ്ഞ് മടങ്ങുംമുന്‍പ് ഡ്രൈവര്‍മാര്‍ കോഴ്‌സ് ഡയറക്ടര്‍ ഡോ. ബി.പത്മകുമാറിനെക്കണ്ട് തീരുമാനം അറിയിച്ചു. 'ഞങ്ങള്‍ ഇനി ആര്‍ക്കുവേണമെങ്കിലും രക്തം നല്‍കാന്‍ തയ്യാര്‍'.


'ഞങ്ങള്‍ മനുഷ്യത്വം ഉള്ളവരാണ്. അപൂര്‍വ്വം ചിലര്‍ ഞങ്ങള്‍ക്കിടയിലും കുഴപ്പക്കാരായി ഉണ്ടാകാം. അത് എല്ലായിടത്തും ഉണ്ടല്ലൊ..' ഓട്ടോ തൊഴിലാളി കേന്ദ്രം സെക്രട്ടറി ഇക്ബാല്‍ പറയുന്നു. ഇനി ആര് ആവശ്യപ്പെട്ടാലും രക്തം നല്‍കും. രക്തം വേണ്ടവര്‍ക്ക് ഇക്ബാലിന്റെ മൊബൈല്‍ ഫോണില്‍ വിളിക്കാം. ഫോണ്‍ നമ്പര്‍: 98956 53440.

No comments:

Post a Comment