Monday, 12 March 2012

സത്യസന്ധന്മാരായ ഓട്ടോഡ്രൈവര്‍മാരെ ആദരിച്ചു


കോഴിക്കോട്: സംസ്ഥാനത്ത് സത്യസന്ധതയിലും പെരുമാറ്റത്തിലും പേരുകേട്ട കോഴിക്കോട്ടെ ഓട്ടോറിക്ഷ തൊഴിലാളികളെ കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷനും എയ്‌സ് മോട്ടോര്‍ പ്രൈവറ്റ് ലിമറ്റഡും ചേര്‍ന്ന് ആദരിച്ചു.
ചടങ്ങില്‍ അഞ്ച് തൊഴിലാളികള്‍ക്ക് മികച്ച ഓട്ടോ ഡ്രൈവര്‍മാര്‍ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു.
തങ്ങളുടെ വാഹനത്തില്‍ യാത്രക്കാര്‍ മറന്നുവെച്ച വിലപ്പെട്ട സ്വത്തുക്കള്‍ തിരിച്ചേല്‍പിച്ച് സത്യസന്ധത കാട്ടിയ കൂടത്തുംപൊയില്‍ ശശിയേക്കല്‍ താഴെ എന്‍.അബ്ദുള്‍ റഹൂഫ്, പാലത്ത് മേലെ പുനത്തില്‍ ഹമീല മന്‍സിലില്‍ മുഹമ്മദ് മുസ്താഖ്, മൊകവൂര്‍ കൊരച്ചനി പറമ്പില്‍ എച്ച്.ജഗദീഷ് റാവു, കക്കോടി ചെറോട്ട് ഹൗസില്‍ സി.സദാനന്ദന്‍ എന്നിവരെയും 18 വര്‍ഷക്കാലം ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിച്ച് വാഹനമോടിച്ച നെല്ലിക്കോട് ഉള്ളാട്ടില്‍ മേത്തല്‍താഴം റെയ്‌നോണ്‍സ് ജെയ്‌സണിനെയുമാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്.
സി.എം.എ. സ്ഥാപക അധ്യക്ഷന്‍ വി.കെ.എസ്. പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് 'നല്ല ഡ്രൈവിങ് രീതി', ഓട്ടോ പരിപാലനവും ഇന്ധനസംരക്ഷണവും, ഊഷ്മളമായ ഉപഭോക്തൃ ബന്ധം എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടത്തി. സി.എം.എ. സെക്രട്ടറി വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. പ്രശാന്ത് നമ്പ്യാര്‍, സി.പി.സജീവ്, മമ്മദ് കോയ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment