Monday, 12 March 2012

ഫേസ്ബുക്കില്‍ വാഹനവകുപ്പും

പരാതികള്‍ പോസ്റ്റ് ചെയ്യാം



തൃശ്ശൂര്‍: റോഡിലെ നിയമലംഘനങ്ങളും പരാതികളും ഇനി ഫേസ്ബുക്ക് വഴിയും വാഹനവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. പരാതികള്‍ സ്വീകരിക്കാനായി ഫേസ്ബുക്കില്‍ വാഹനവകുപ്പ് അക്കൗണ്ട് തുടങ്ങി. സ്‌ക്രാപ്പ് വഴിയും വാഹനവകുപ്പിന്റെ ഫേസ്ബുക്ക് വാളിലും പരാതികള്‍ പോസ്റ്റ് ചെയ്യാം.

റോഡ് യാത്രയ്ക്കിടെ കണ്ണില്‍പ്പെടുന്ന അപകടങ്ങള്‍, അപകടസാധ്യതയുള്ള കാര്യങ്ങള്‍, നിയമം ലംഘിച്ചുള്ള സവാരികള്‍ എന്നിവയെക്കുറിച്ചെല്ലാം ഫേസ്ബുക്ക് വഴി വാഹനവകുപ്പിനെ അറിയിക്കാം. മൊബൈല്‍ ഫോണ്‍ കാമറ വഴിയോ മറ്റേതെങ്കിലും മാധ്യമത്തിലൂടെയോ പൊതുജനങ്ങള്‍ എടുത്ത അടിയന്തരശ്രദ്ധ പതിയേണ്ട ചിത്രങ്ങളും ഫേസ്ബുക്ക് അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്യാം.

ഫേസ്ബുക്ക് വഴി വാഹനവകുപ്പിനു ലഭിക്കുന്ന പരാതികള്‍ക്കും, പോസ്റ്റ് ചെയ്ത ചിത്രങ്ങളെക്കുറിച്ചും അതത് മേഖലയിലെ ഉദ്യോഗസ്ഥര്‍ വഴി ഉടന്‍ നടപടി എടുക്കാനാണ് വകുപ്പിന്റെ തീരുമാനം. ബസ്സുകളുടെ മരണപ്പാച്ചില്‍, റോഡിലെ അഭ്യാസങ്ങള്‍, വണ്‍വേ തെറ്റിച്ചുള്ള യാത്രകള്‍ എന്നിവയുടെയെല്ലാം വീഡിയോ വാഹനവകുപ്പിന്റെ ഫേസ്ബുക്കിലേക്ക അപ്‌ലോഡ് ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകുന്നതോടെ ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയുമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍.

മുബൈയിലും ഡല്‍ഹിയിലും വിജയിച്ച സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഫിബ്രവരി അവസാനവാരം മുതല്‍ കേരളത്തില്‍ നടപ്പിലാക്കും. എറണാകുളം കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ടത്തില്‍ ഫേസ്ബുക്ക് വഴിയുള്ള പരാതികള്‍ പരിശോധിക്കുക.

പരാതികള്‍ അതത് ജില്ലകള്‍ക്ക് കൈമാറാനും നടപടി ഉറപ്പുവരുത്താനുമായി വാഹനവകുപ്പിന്റെ അഡ്മിനിസ്‌ട്രേഷന്‍ കൈകാര്യംചെയ്യുന്ന എഎംവിഐ എന്‍. വിനോദ്കുമാറിനെയാണ് വകുപ്പ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ ജനകീയത കണക്കിലെടുത്താണ് പരാതികളും അപായസൂചനകളും ജനങ്ങളില്‍ നിന്ന് നേരിട്ട് സ്വീകരിക്കാന്‍ ഇത്തരമൊരു മാര്‍ഗ്ഗം സ്വീകരിച്ചതെന്ന് വാഹനവകുപ്പ് അറിയിച്ചു. കേരള മോട്ടോര്‍ വാഹനവകുപ്പിന്റെ ചുരുക്കപ്പേരില്‍ mvdkerala എന്ന പേരിലാണ് ഫേസ്ബുക്ക് അക്കൗണ്ട് രൂപപ്പെടുത്തിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ടകൂടുതല്‍ വിവരങ്ങള്‍ വകുപ്പിന്റെ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യും.

No comments:

Post a Comment