Monday 12 March 2012

ഹര്‍ത്താലില്‍ വലഞ്ഞവര്‍ക്ക് ബൈക്ക്‌സംഘത്തിന്റെ സഹായം


കോഴിക്കോട്: പ്ലക്കാര്‍ഡോ പ്രകടനങ്ങളോ ഒന്നുമില്ല. ഹര്‍ത്താലിനോട് പ്രതികരിക്കാന്‍ ഈ യുവാക്കളുടെ കൈയിലുള്ളത് കുറച്ചു ബൈക്കുകള്‍... പിന്നെ, ലാഭം നോക്കാതെ ആരെയും സഹായിക്കാനുള്ള മനസ്സും...

ചൊവ്വാഴ്ചത്തെ ഹര്‍ത്താലിനിടെ കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങിയവരെ അവര്‍ അദ്ഭുതപ്പെടുത്തി. എങ്ങനെ ലക്ഷ്യത്തിലെത്തുമെന്ന് ആകുലപ്പെട്ടു നില്‍ക്കുന്നവരോട് ഒരുസംഘം ചെറുപ്പക്കാര്‍ പറഞ്ഞു. ''എവിടേക്കാണ് പോകേണ്ടത്...? ഞങ്ങള്‍ കൊണ്ടുവിടാം...'' ഹര്‍ത്താലിനിടെ മറ്റൊരു പിടിച്ചുപറിയാണെന്ന് കരുതി കാശെത്രയാകും എന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ. ''കാശിനല്ല, എന്റെ ബൈക്കില്‍ രണ്ടു ലിറ്റര്‍ പെട്രോളുണ്ട്. അതിന് പോകാവുന്നത്ര ദൂരം പോകാം...''

കോഴിക്കോട് വലിയങ്ങാടിയിലെ 'ഹണ്ടേഴ്‌സ് ക്ലബി'ലെ ഒരു സംഘം യുവാക്കളാണ് ഹര്‍ത്താല്‍ ദിവസം കഷ്ടപ്പെടുന്നവര്‍ക്കായി മാറ്റിവെച്ചത്. 15 ബൈക്കുകളുമായി യുവാക്കള്‍ രാവിലെ റെയില്‍വേസ്റ്റേഷനിലും ബസ്സ്റ്റാന്‍ഡിലുമെത്തി. കോഴിക്കോടിന്റെ പരിസരങ്ങളില്‍ മാത്രമല്ല; ഫറോക്കിലേക്കും കൊയിലാണ്ടിയിലേക്കുമെല്ലാം ബൈക്ക് പാഞ്ഞു. തിരിച്ചുവന്ന് അടുത്ത വണ്ടിവരാനുള്ള കാത്തിരിപ്പ്. അതിനിടെ നഗരത്തിന്റെ മറ്റു വഴികളില്‍ കുടുങ്ങിയവരെയും ലക്ഷ്യത്തിലെത്തിച്ചു. നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസസഹായം, വിവാഹസഹായധനം, രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പ് എന്നിവ സംഘടിപ്പിച്ചിട്ടുള്ള ക്ലബ് ആദ്യമായാണ് ഹര്‍ത്താല്‍ ദിനത്തില്‍ സേവനരംഗത്തിറങ്ങിയത്.

ബൈക്കുമായി സ്റ്റേഷനിലെത്തി പോലീസുകാരുമായി സംസാരിച്ചപ്പോള്‍ അവരും പ്രോത്സാഹിപ്പിച്ചു. ക്ലബിന്റെ എംബ്ലമടങ്ങിയ തിരിച്ചറിയല്‍കാര്‍ഡ് കഴുത്തിലിട്ടാണ് യാത്രക്കാരെ സമീപിച്ചത്. ആദ്യം യാത്രക്കാര്‍ ഒന്നു സംശയിച്ചെങ്കിലും തിരിച്ചറിയല്‍ കാര്‍ഡു കണ്ടപ്പോള്‍ സഹായം ആവശ്യപ്പെട്ടു തുടങ്ങി. ഉച്ചയായപ്പോള്‍ ബൈക്ക് സേവനം പ്രയോജനപ്പെടുത്താന്‍ ആളുകളുടെ തിരക്ക് ഏറി. ബൈക്കില്‍ കൊണ്ടുവിടുന്നതിന് ആരോടും പണം വാങ്ങില്ലെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. വണ്ടിയിലെ പെട്രോള്‍ തീര്‍ന്നതോടെ ഉച്ചയോടെ രണ്ടു ബൈക്കുകള്‍ 'സര്‍വീസ്' നിര്‍ത്തി. ഹര്‍ത്താലിനെ എതിര്‍ക്കുകയല്ല ലക്ഷ്യമെന്നും കഷ്ടപ്പെടുന്നവരെ ആകുംവിധം സഹായിക്കാനുള്ള ശ്രമമാണിതെന്നും ക്ലബ് പ്രസിഡന്റ് ജയേഷ് പറഞ്ഞു.

No comments:

Post a Comment