Monday 12 March 2012

ജോലി ബസ്‌കണ്ടക്ടര്‍; നട്ടത് 56,000 മരങ്ങള്‍

കോയമ്പത്തൂര്‍: നഗരത്തിലെ മരുതമല-ചേരന്മാനഗര്‍ റൂട്ടിലോടുന്ന തമിഴ്‌നാട് ഗതാഗതകോര്‍പറേഷന്റെ 92-ാം നമ്പര്‍ ബസ്സിലെ കണ്ടക്ടര്‍ എം. യോഗനാഥനെ ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കും. കാക്കിവസ്ത്രവും തോള്‍ബാഗുമായി ഡ്യൂട്ടിക്കെത്തുന്ന യോഗനാഥന്റെ കൈയില്‍ എപ്പോഴും ഒന്നുരണ്ട് മരത്തൈകളുണ്ടാവും. ചില്ലുകുപ്പികളില്‍ നിറച്ച് വെള്ളവും. ബസ് റൂട്ടുകളില്‍ നട്ടുനനച്ചുവളര്‍ത്താനുള്ളതാണ് ചെടിയും വെള്ളവും.

തമിഴ്‌നാടൊട്ടുക്കുള്ള ഔദ്യോഗിക ജീവിതയാത്രയില്‍ യോഗനാഥന്‍ നട്ടുവളര്‍ത്തിയത് 56,000 മരങ്ങള്‍. വിശിഷ്ടസേവനം മാനിച്ച് എര്‍ത്ത് മാറ്റേഴ്‌സ് ഫൗണ്ടേഷന്‍ ബസ്‌കണ്ടക്ടറായ ഈ പ്രകൃതിസ്നേഹിക്ക് സമ്മാനിച്ചത് എര്‍ത്ത് എക്കോ വാരിയര്‍ 2008 പുരസ്‌കാരം. പ്രകൃതിസംരക്ഷണത്തിനുള്ള ഈ പുരസ്‌കാരം ആദ്യം നേടുന്ന ദക്ഷിണേന്ത്യന്‍ എന്ന ബഹുമതിക്കൊപ്പം തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷന്റെ മത്സരപരീക്ഷകളുടെ ചോദ്യാവലിയില്‍ യോഗനാഥന്റെ പേര് ഉത്തരമായി വരുന്ന ചോദ്യവും സ്ഥാനംപിടിച്ചു.

തഞ്ചാവൂരിലെ മയിലാടുംതുറൈയില്‍ ജനിച്ച് പ്ലസ്ടു വിദ്യാഭ്യാസം കോത്തഗിരിയില്‍ പൂര്‍ത്തിയാക്കി ബസ്‌കണ്ടക്ടറായി ഔദ്യോഗികജീവിതം നയിക്കുന്ന പ്രകൃതിസ്നേഹി.

കോത്തഗിരിയില്‍ പ്ലസ്ടു പഠിക്കുമ്പോഴാണ് മരങ്ങളോടുള്ള സ്നേഹം തുടങ്ങിയത്. കാടുകളില്‍നിന്ന് ശേഖരിക്കുന്ന മരത്തൈകള്‍ സ്‌കൂള്‍മുറ്റത്ത് നട്ടുകൊണ്ടായിരുന്നു തുടക്കം. പിന്നീടിതൊരു ഹരമായി. പോകുന്നിടങ്ങളിലെല്ലാം മരംനട്ടു. വെള്ളമൊഴിച്ചുപരിപാലിക്കാനാവുമെന്ന് വിശ്വാസമുള്ളിടത്തുമാത്രമാണ് മരംനട്ടത്.

തിങ്കളാഴ്ചകളിലെ ഒഴിവുദിനങ്ങള്‍ സ്‌കൂളുകളിലെത്തി പരിസ്ഥിതി ബോധവത്കരണത്തിനുപയോഗിച്ചു യോഗനാഥന്‍. അങ്ങിനെ സ്‌കൂള്‍മുറ്റങ്ങളിലും മരങ്ങള്‍ വളര്‍ന്നു. വിദ്യാര്‍ഥികള്‍ പരിപാലകരായി. തമിഴ്‌നാട്ടിലുടനീളമുള്ള 1690 സ്‌കൂളുകളില്‍ പരിസ്ഥിതി പഠനക്ലാസുകളെടുത്തിട്ടുണ്ട് യോഗനാഥന്‍. പാലക്കാട്ടെ പരിസ്ഥിതി സ്നേഹിയായ ശങ്കരന്‍ സമ്മാനിച്ച പരിസ്ഥിതി ബോധവത്കരണ സ്ലൈഡുകളുമായാണ് യോഗനാഥന്റെ ക്ലാസ്സെടുക്കല്‍. വിവിധയിടങ്ങളില്‍നിന്ന് ശേഖരിച്ച 1500 പരിസ്ഥിതി ബോധവത്കരണ സ്ലൈഡുകള്‍ ഇദ്ദേഹത്തിന്റെ പക്കലുണ്ട്.

ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി യോഗനാഥന് എര്‍ത്ത് എക്കോവാരിയര്‍ 2008 പുരസ്‌കാരം സമ്മാനിച്ചു. ഈ പുരസ്‌കാരം ഈ വര്‍ഷം നേടിയ 14 പേരില്‍ ശാസ്ത്രജ്ഞനോ ഐ.എഫ്.എസ്. കാരനോ അല്ലാത്ത ഏകയാള്‍ യോഗനാഥനാണെന്നതും ശ്രദ്ധേയമാണ്. കോയമ്പത്തൂര്‍ ശിവാനന്ദകോളനിയിലാണ് താമസം. ഭാര്യ വളര്‍മതി. മക്കള്‍: പ്ലസ്ടു വിദ്യാര്‍ഥിനി മോനിഷ, ആറാംക്ലാസ് വിദ്യാര്‍ഥിനി സത്യപ്രിയ.

No comments:

Post a Comment