Friday 15 June 2012

ആളില്ലാ ലെവല്‍ക്രോസുകളിലെ സുരക്ഷയ്ക്കുള്ള കണ്ടുപിടിത്തവുമായി ശ്രീകുമാര്‍




കൊല്ലം: ആളില്ലാ ലെവല്‍ക്രോസുകളില്‍ അപകടങ്ങള്‍ പെരുകിയിട്ട് നാളേറെയായി. ഇതിനൊരവസാനം വേണമെന്ന ആഗ്രഹവുമായി റെയില്‍വേ അധികൃതര്‍ക്കു മുന്നില്‍ പ്രതീക്ഷയോടെ നില്‍ക്കുകയാണ് ശ്രീകുമാര്‍. മൂന്നുകിലോമീറ്റര്‍ അകലെ തീവണ്ടി എത്തുമ്പോഴേ ലെവല്‍ ക്രോസില്‍ സൈറണ്‍ മുഴങ്ങുന്ന സാങ്കേതികവിദ്യ അധികൃതര്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയാണ് ഈ പ്രതിഭ. പാളത്തിലെ വിള്ളലും തടസ്സവും മുന്‍കൂട്ടി അറിഞ്ഞ് സ്വയം ഓഫാകുന്ന എന്‍ജിന്‍ കണ്ടുപിടിച്ച അദ്ദേഹം ഏറെ പ്രതീക്ഷയോടെയാണ് തന്റെ അടുത്ത കണ്ടുപിടിത്തവുമായി എത്തുന്നത്.

ആളില്ലാ ലെവല്‍ക്രോസിന്റെ ഇരുവശങ്ങളിലും മൂന്നുകിലോമീറ്റര്‍ അകലെയാണ് പാളത്തില്‍ ഉപകരണം ഘടിപ്പിക്കുന്നത്. തീവണ്ടിപോകുമ്പോള്‍ പാളത്തിലുണ്ടാകുന്ന കമ്പനങ്ങള്‍ (വൈബ്രേഷന്‍) പിടിച്ചെടുത്ത് ഉപകരണം സന്ദേശം അയയ്ക്കുമ്പോള്‍ ലെവല്‍ക്രോസില്‍ സൈറണ്‍ മുഴങ്ങും. സിഗ്‌നല്‍ ലൈറ്റുകളും പ്രകാശിക്കും. തീവണ്ടി കടന്നുപോയതിനുശേഷമേ സൈറണ്‍ നിലയ്ക്കൂ. അപകടത്തില്‍ നിന്നൊഴിഞ്ഞുനില്‍ക്കാന്‍ ജനങ്ങളെ ഇത് സഹായിക്കും. 4000ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വസ്തു ഉപകരണത്തിനു മുകളിലൂടെ കടന്നുപോയാല്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ എന്നതിനാല്‍ അബദ്ധം സംഭവിക്കില്ല. ട്രാക്കിന്റെ അറ്റകുറ്റപ്പണിക്കും ഈ ഉപകരണം തടസ്സമാകില്ല. ഇത് കേടാകാനുള്ള സാധ്യതയും വളരെ കുറവാണെന്ന് ശ്രീകുമാര്‍ പറഞ്ഞു.

ഡി.സി.വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണത്തില്‍ സൗരോര്‍ജപാനലും ബാറ്ററിയും ഉണ്ട്. ഏതുരീതിയിലും ഇത് പ്രവര്‍ത്തിപ്പിക്കാം.

ഓച്ചിറ ലെവല്‍ക്രോസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീകുമാറിന്റെ കണ്ടുപിടിത്തത്തിന് പ്രാധാന്യം ഏറെയാണെങ്കിലും റെയില്‍വേ ഇതുവരെ കനിഞ്ഞിട്ടില്ല. തിരുവനന്തപുരത്തുനിന്നുള്ള റെയില്‍വേ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം തന്റെ വീട്ടിലെത്തി പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തനമാതൃക കണ്ടതായി ശ്രീകുമാര്‍ പറഞ്ഞു. എന്നാല്‍ മറ്റു നടപടികളൊന്നും ഉണ്ടായില്ല.ബീച്ച്‌റോഡിലെ വിജയവിലാസം വീട്ടില്‍ പരാധീനതകളോടു പടവെട്ടിയാണ് ശ്രീകുമാര്‍ തന്റെ കണ്ടുപിടിത്തങ്ങളില്‍ മുഴുകുന്നത്. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്നെങ്കിലും സ്വയം ഇലക്ട്രീഷ്യന്‍ പഠനം നടത്തിയാണ് കണ്ടുപിടിത്തങ്ങളുടെ വഴിയില്‍ സഞ്ചാരം തുടങ്ങിയത്. ഉദ്യോഗസ്ഥരും ഭരണകൂടവും കനിഞ്ഞാല്‍ തന്റെ നേട്ടങ്ങള്‍ സമൂഹത്തിനുകൂടി പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്.

1 comment:

  1. I feel this is one of the such a lot important information for me.
    And i'm glad studying your article. However wanna observation on some normal issues, The web site style is great, the articles is in point of fact excellent : D. Excellent process, cheers
    Also see my web page: best diet for weight loss

    ReplyDelete