Wednesday, 30 May 2012

ആരോഗ്യസന്ദേശവുമായി ഡോക്ടറുടെ സൈക്കിള്‍ യാത്രകള്‍

മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. നിലീന കോശിക്ക് രണ്ട് സൈക്കിളുണ്ട്. ഒന്ന് മെഡിക്കല്‍ കോളേജിലും മറ്റൊന്ന് കുന്നംകുളത്തെ വീട്ടിലും. കാമ്പസിനുള്ളിലെ കറക്കത്തിനും നാട്ടിലെ ചെറു യാത്രകള്‍ക്കും ഡോക്ടറുടെ വാഹനം സൈക്കിളാണ്. പെട്രോള്‍ വില കത്തിക്കയറുമ്പോഴെങ്കിലും സൈക്കിളിനെ ഓര്‍ത്തുകൂടെ എന്നാണ് ഡോക്ടര്‍ ചോദിക്കുന്നത്.

ഓട്ടോമൊബൈല്‍ വ്യവസായരംഗത്ത് പേരെടുത്ത പോപ്പുലര്‍ പൈലേട്ടന്റെ മകളുടെ മകളായ നിലീനയ്ക്ക് കമ്പം സൈക്കിളിനോടായിരുന്നു. ചെറുപ്പത്തില്‍ ചവിട്ടാന്‍ പഠിച്ചെങ്കിലും പിന്നീട് പഠനത്തിരക്കില്‍ സൈക്കിള്‍ കൈവിട്ടുപോയി. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ എം.ഡി. പഠിക്കാന്‍ ചേര്‍ന്നപ്പോഴാണ് വീണ്ടും സൈക്കിള്‍ സവാരി തുടങ്ങിയത്. വിശാലമായ കാമ്പസില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം സൈക്കിളിലാണ് സഞ്ചരിച്ചിരുന്നത്. പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കമ്മ്യൂണിറ്റി മെഡിസിനില്‍ പ്രൊഫസറായി. 2003ലെ പഠനയാത്രയ്ക്കിടെ ഒരു ഹോട്ടലില്‍വെച്ച് കുട്ടികള്‍ ആവേശപൂര്‍വ്വം സൈക്കിള്‍ ചവിട്ടി രസിക്കുന്നതു കണ്ടപ്പോഴാണ് വീണ്ടും സൈക്കിള്‍ സവാരിക്ക് മോഹം ഉദിച്ചത്.


കുന്നംകുളത്ത് ക്ലിനിക്ക് നടത്തുന്ന ഭര്‍ത്താവ് ഡോ. കോശി ജോര്‍ജ് ഒന്നിനുപകരം രണ്ട് സൈക്കിള്‍ വാങ്ങിക്കൊടുത്തു. കുന്നംകുളത്തുനിന്ന് മെഡിക്കല്‍ കോളേജുവരെ കാറിലെത്തും. കാമ്പസിനകത്തും സമീപ പ്രദേശങ്ങളിലും തന്റെ ലേഡിബേഡ് സൈക്കിളിലാണ് സഞ്ചാരം. ആദ്യകാലത്ത് പലര്‍ക്കും പ്രൊഫസര്‍ പിള്ളാരെപ്പോലെ സൈക്കിളില്‍ ചുറ്റിനടക്കുന്നതത്ര പിടിച്ചില്ല. മറ്റു ചിലര്‍ എതിര്‍പ്പുമായി നേരിട്ടു വന്നു. എന്നാല്‍ എല്ലാറ്റിനെയും മറിടന്ന് ഡോക്ടറിന്റെ സൈക്കിള്‍ മുന്നോട്ടുപോയി.


ഇപ്പോള്‍ നിരവധി വിദ്യാര്‍ത്ഥിനികള്‍ സൈക്കിളില്‍ എത്തുന്നുണ്ട്. തട്ടമിട്ട് സൈക്കിള്‍ ചവിട്ടുന്നവര്‍വരെ കാമ്പസിലുണ്ട്. ചില പ്രൊഫസര്‍മാരും പിന്നീട് സൈക്കിള്‍ സവാരി തുടങ്ങി. പ്രായഭേദമെന്യേ എല്ലാവരും സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങിയാല്‍ പുതിയൊരു ആരോഗ്യസംസ്‌കാരം രൂപപ്പെടുമെന്ന് ഡോക്ടര്‍ പറയുന്നു. ചെറുപ്പക്കാര്‍ക്കുവരെ ഷുഗറും പ്രഷറുമാണ്. അല്പദൂരംപോലും നടക്കാനോ സൈക്കിള്‍ ചവിട്ടാനോ മടിയാണ്. അതേസമയം മുറിക്കുള്ളില്‍ വ്യായാമം ചെയ്യാന്‍ സൈക്കിള്‍ ചവിട്ടും. അടച്ചിട്ട മുറിയില്‍ നീങ്ങാത്ത സൈക്കിള്‍ ചവിട്ടുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് പുറത്ത് സൈക്കിളില്‍ യാത്ര ചെയ്യുന്നതെന്ന് നിലീന ചോദിക്കുന്നു.


തമിഴ്‌നാട്ടിലെ കാമ്പസുകളിലെല്ലാം സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുന്നുണ്ട്. പലയിടത്തും വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്കും കാറും ഉപയോഗിക്കാന്‍ അനുവാദമില്ല. മകള്‍ ഷാരനെ ട്രിച്ചി എന്‍.ഐ.ടി.യില്‍ ചേര്‍ത്തപ്പോള്‍ ഹോസ്റ്റലില്‍ അവശ്യസാധനങ്ങള്‍ക്കൊപ്പം സൈക്കിളും വാങ്ങിനല്‍കിയത് ഡോക്ടര്‍ ഓര്‍മിച്ചു.


പ്രധാന നിരത്തുകളില്‍ സൈക്കിള്‍ പാതകള്‍ സൃഷ്ടിച്ചാല്‍ കൂടുതല്‍ പേര്‍ സൈക്കിള്‍ ചവിട്ടുമെന്നാണ് ഡോക്ടര്‍ നിലീനയുടെ വിശ്വാസം. സ്‌കൂളുകളിലും കോളേജുകളിലും സൈക്കിളുകള്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍തന്നെ മുന്നിട്ടിറങ്ങണം. ഇപ്പോള്‍ സൈക്കിള്‍ വര്‍ക്‌ഷോപ്പുകള്‍ പോലും ഇല്ലാതാകുന്ന അവസ്ഥയാണ്. നിരത്തിലെ വാഹനപെരുപ്പം കാരണം സൈക്കിളോടിക്കുന്നവര്‍ കഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ട്. റോഡുകളുടെ സ്ഥിതിയും നന്നാകണം.


വിവാഹം കഴിയുന്നതോടെ പലകാര്യങ്ങളിലും സ്ത്രീകള്‍ പിന്നോട്ടുപോകുന്ന കാഴ്ചയാണ്. ഇത് അവരുടെ ശാരീരികമാനസിക ആരോഗ്യത്തെ തന്നെ തകര്‍ക്കുമെന്നു പറയുന്ന ഡോ. നിലീന ഇപ്പോള്‍ നൃത്തവും അഭ്യസിക്കുന്നുണ്ട്. നാല്പത്തിയാറാം വയസ്സില്‍ നൃത്തം പഠിക്കുന്നതിനു പിന്നില്‍ ഭര്‍ത്താവ് ഡോ. കോശി ജോര്‍ജിന്റെ പിന്തുണയാണ്.

3 comments:

  1. തട്ടമിട്ട് സൈക്കിള്‍ ചവിട്ടുന്നവര്‍ വരെ കാമ്പസില്‍ ഉണ്ട്.... അതെന്താ ? തട്ടമിടവര്‍ക്ക് സൈക്കിള്‍ ചവിട്ടി കൂടെ ?

    ReplyDelete
  2. Sir,
    www.jeevasasthrajalakam.blogspot.in താങ്കളുടെ വായനയ്ക്കായി സമര്‍പ്പിക്കുന്നു.
    നന്ദി.
    സതീഷ്.ആര്‍
    എച്ച്.എസ്.ഏ, ജി.എച്ച്.എസ്.എസ്, അഞ്ചല്‍ വെസ്റ്റ്

    ReplyDelete