Monday 12 March 2012

സ്‌കൂള്‍ യാത്രയിലെ ദുരിതങ്ങള്‍ക്ക് വിട: സ്‌കൂള്‍ ബസ് പോലൊരു ലൈന്‍ബസ്‌


പാലക്കാട്: സ്‌കൂള്‍വിട്ട് സ്റ്റേഡിയം സ്റ്റാന്‍ഡില്‍ പാഞ്ഞെത്തുന്ന പെണ്‍കുട്ടികള്‍ വൈകീട്ട് 4.40നുള്ള ഒരു 'കുട്ടിബസ്സി'നെ കാത്തുനില്‍ക്കും. കഞ്ചിക്കോട് ഭാഗത്തേക്ക് പോകുന്ന ഗ്രീഷ്മം ബസ്സ് കണ്ടാല്‍ പിന്നെ ഒരോട്ടമാണ്. കണ്ണടച്ചുതുറക്കുമ്പോഴേക്കും ഗ്രീഷ്മം ലൈന്‍ബസ് ഒരു സ്‌കൂള്‍ ബസ്സ് പോലെയായിട്ടുണ്ടാകും. ഈ ബസ്സില്‍ വൈകീട്ടത്തെ ഒരു ട്രിപ്പ് വിദ്യാര്‍ഥികള്‍ക്കുമാത്രമുള്ളതാണ്.

സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ സ്വകാര്യ ബസ് യാത്രകളില്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ ചില്ലറയല്ല. കുട്ടികളെ കയറ്റാതെ പോകുന്ന ബസ്സുകള്‍, കണ്‍സെഷന്‍ നല്‍കാത്ത ബസ് ജീവനക്കാര്‍ ഇങ്ങനെ നീളുന്നു ദുരിതങ്ങള്‍. ഇവയ്ക്ക് പരിഹാരമായാണ് ബസ്സുടമകള്‍ കുട്ടികള്‍ക്കു മാത്രമായി ഒരു ട്രിപ്പ് ഏര്‍പ്പെടുത്തിയത്. കണ്‍സെഷന്‍ നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര അനുവദിക്കാനാകില്ലെന്ന് ബസ്സുടമകള്‍ മുറവിളി കൂട്ടുന്നതിനിടെ പാലക്കാട്ടെ നല്ലവരായ ഉടമകളുടെ തീരുമാനം ശ്രദ്ധേയമാകുന്നു.

ബസ്സിലിരുന്ന് തമാശകള്‍ പറഞ്ഞുള്ള ഈ യാത്രയ്ക്ക് വിദ്യാര്‍ഥികള്‍ നല്‍കേണ്ടത് കണ്‍സെഷന്‍ ചാര്‍ജുമാത്രം. കണ്‍സഷന്‍ നല്‍കി വിദ്യാര്‍ഥികള്‍ക്കു മാത്രമായി സര്‍വീസ് നടത്തുന്ന ജില്ലയിലെ ഏക ബസ്സാണ് വി.എന്‍. ഗിരിപ്രസാദിന്റെ ഉടമസ്ഥതയിലുള്ള 'ഗ്രീഷ്മം'. വൈകീട്ട് 4.50ന് സ്റ്റേഡിയം സ്റ്റാന്‍ഡില്‍ നിന്ന് യാത്ര തിരിക്കുന്ന ബസ്സ് 5.20ന് കഞ്ചിക്കോട് കിണര്‍ സ്റ്റോപ്പ്‌വരെ കുട്ടികളെ എത്തിക്കും.

എല്ലാ കുട്ടികള്‍ക്കുമായാണ് ബസ് സര്‍വീസ് നടത്തുന്നതെങ്കിലും ഗ്രീഷ്മം പെണ്‍പടയുടെ കുത്തകയാണ്. ബസ്സെത്തുമ്പോഴേക്കും പെണ്‍കുട്ടികള്‍ ഓടിക്കയറി സീറ്റ് പിടിക്കുന്നതുകൊണ്ട് ആണ്‍കുട്ടികള്‍ കയറാന്‍ മടിക്കും. ആദ്യമൊക്കെ ആണ്‍കുട്ടികള്‍ കയറിയിരുന്നെങ്കിലും കഴിഞ്ഞ രണ്ടുകൊല്ലമായി ഇതു ലേഡീസ് ഒണ്‍ലിയാണെന്ന് ബസ്ജീവനക്കാരനായ വിനുവും കണ്ടക്ടര്‍ അരവിന്ദും പറയുന്നു. സ്ഥിരം യാത്രക്കാരെത്തിയാല്‍ മാത്രമെ ബസ്സിന് ഫസ്റ്റ്ഗിയര്‍ വീഴൂവെന്ന് ഡ്രൈവര്‍ സുരേഷ്.

രാവിലെയും വൈകീട്ടും ബസ്സില്‍ക്കയറാനുള്ള കുട്ടികളുടെ കസര്‍ത്തും അതിനിടെയുള്ള ബഹളവും തിരക്കുമൊക്കെ കണ്ടപ്പോഴാണ് വിദ്യാര്‍ഥികള്‍ക്കു മാത്രമായി ബസ്സ് ഓടിക്കാമെന്ന് ബസ്സ് ഓണേഴ്‌സ് അസോസിയേഷന്റെ കൊഴിഞ്ഞാമ്പാറ-വാളയാര്‍ യൂണിറ്റ് തീരുമാനിക്കുന്നത്. യൂണിറ്റ് സെക്രട്ടറി ബാലകൃഷ്ണനുണ്ണിയും ട്രഷറര്‍ ബാലകൃഷ്ണനുമൊക്കെ പ്രോത്സാഹിപ്പിച്ചപ്പോള്‍ ജോയന്റ് സെക്രട്ടറി വി.എന്‍. ഗിരിപ്രസാദ് തന്റെ ബസ്സ് നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു. അങ്ങനെ മൂന്നുവര്‍ഷമായി ഈ കുട്ടിബസ്സ് കഞ്ചിക്കോട് റൂട്ടില്‍ കുട്ടികള്‍ക്കു മാത്രമായി ട്രിപ്പ് തുടങ്ങി.

'ഇതു നല്ല ബസ്സാ, തോണ്ടലും ചീത്തവിളിയും കണ്ണുരുട്ടലും ഒന്നുമില്ല. കണ്‍സഷന്‍ ചാര്‍ജുമാത്രം കൊടുത്താല്‍ സുഖമായി വീട്ടിലെത്താം. എത്ര നേരത്തെ സ്റ്റാന്‍ഡില്‍ എത്തിയാലും ഞങ്ങള്‍ ഈ വണ്ടിയിലെ കയറൂ' മോയന്‍ ഗേള്‍സ് സ്‌കൂളിലെ നിമ്മിയും സൗമ്യയും പറയുന്നു. 50 ഓളം കുട്ടികള്‍ ഇതില്‍ സ്ഥിരം യാത്രക്കാരുണ്ട്. പറഞ്ഞുതീരുമ്പോഴേക്കും ഗ്രീഷ്മം പാഞ്ഞെത്തി. പെണ്‍പടകള്‍ സീറ്റുപിടിക്കാനായി ഒറ്റ ഓട്ടം. എല്ലാവരും കയറിക്കഴിഞ്ഞപ്പോള്‍ ഹൗസ്ഫുള്ളായി കുട്ടിബസ്സ് കഞ്ചിക്കോട്ടേക്ക്.

No comments:

Post a Comment